ക്ഷേത്ര ഐതീഹ്യം

വളരെ പുരാതനമായ ഒരു വിഷ്ണു ക്ഷേത്രമാണ് പൈങ്ങാകുളം ശ്രീ പാർത്ഥസാരഥി ക്ഷേത്രം. കുരുക്ഷേത്ര യുദ്ധഭൂമിയിൽ ശത്രുപക്ഷത്തെ ബന്ധുക്കളെ കണ്ട് തളർന്നുപോയ പാർത്ഥനെ ഗീതോപദേശത്തിലൂടെ കർമ്മനിരതനാക്കുന്ന പാർത്ഥസാരഥി ഭാവത്തിലുള്ള നാരായണ തേജസാണ് ഇവിടെ കുടികൊള്ളുന്നത്. സഹസ്രാബ്ദങ്ങൾക്കു മുൻപ് ഇതുവഴി ജലമാർഗ്ഗേന സഞ്ചരിച്ച സപ്തർഷികൾക്ക് തുല്യനായ ഒരു ഋഷിവര്യൻ ഇന്നത്തെ എരമല്ലൂർ ഭാഗത്ത് അസാമാന്യമായ ഒരു ചൈതന്യം ദർശിക്കുകയും ആ ചൈതന്യത്തെ പാർത്ഥസാരഥിയായ ശ്രീകൃഷ്ണ തേജസിൽ ഇവിടെ പ്രതിഷ്ഠിക്കുകയും കുലീനമായ ഒരു ബ്രാഹ്മണ കുടുംബത്തെ ക്ഷേത്രപരിപാലന ചുമതലകൾ ഏൽപിച്ച് മടങ്ങി പോവുകയും ചെയ്തു എന്നാണ് ഐതിഹ്യം. പിന്നീട് ഈ ബ്രാഹ്മണകുടുംബം മഠം കെട്ടി ക്ഷേത്ര സമീപത്ത് തന്നെ താമസിച്ച് ഏറെനാൾ പൂജാദി കർമ്മങ്ങൾ നിർവിഘ്നം നടത്തി ദേവനെ പരിപാലിച്ചു പോന്നു. കാലാന്തരത്തിൽ പൈങ്ങാകുളം ക്ഷേത്രം ഇടപ്പള്ളി സ്വരൂപത്തിന് കൈമാറി ബ്രാഹ്മണ കുടുംബം തിരിച്ചു പോയി. ഇടപ്പള്ളി സ്വരൂപത്തിൻ്റെ അധീനതയിൽ ക്ഷേത്രം ഒരു മഹാക്ഷേത്രമായി വളർന്ന് മലയാള ദേശമാകെ പ്രസിദ്ധിയാർജിച്ചു. രാജവംശങ്ങളുെട അപചയത്തോടെ ക്ഷേത്രം എരമല്ലൂരിലെ പ്രസിദ്ധമായ നായർ തറവാടായ പിരകിൽ കുടുംബത്തിൻ്റെ കുടുംബ ക്ഷേത്രമായി തീരുകയും ഏകേദശം ഒരു നൂാറ്റാണ്ടിന് ശേഷം 2009 ൽ ക്ഷേത്രം എരമല്ലൂർ എൻ.എസ്.എസ് കരയോഗത്തിന് കൈമാറുകയും ചെയ്തു.

ഭാരതയുദ്ധത്തിൽ പാണ്ഡവരുടെ വിജയശിൽപിയായ ഭഗവാൻ പാർത്ഥസാരഥി, ഉപദേശഭാവത്തിൽ നിൽക്കുന്ന ഭാവത്തിലാകയാൽ പൈങ്ങാകുളത്തെ മൂർത്തിയെ പ്രാർത്ഥന കൊണ്ട് പ്രസാദിപ്പിച്ചാൽ അസാധ്യമായ കാര്യങ്ങളിൽ പോലും വിജയം വരിക്കാനാവുമെന്നും ജ്ഞാനോപദേശം നൽകുന്ന ജ്ഞാന മൂത്തി ഭാവമുള്ളതിനാൽ ഭഗവത് പ്രീതിയാൽ മത്സര പരീക്ഷകളിലും മറ്റും വിജയം നേടാൻ സാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. സത് സന്താനലബ്ദിക്ക് ക്ഷേത്രം പുരാതന കാലം മുതേല പുകൾ കൊണ്ടിരുന്നുവെന്നും പൈങ്ങാകുളം പാർത്ഥസാരഥി മൂർത്തിയെ പ്രസാദിപ്പിച്ചാൽ സന്താനലബ്ദി സാധ്യമാകും എന്നും ഐതിഹ്യം വെളിപ്പെടുത്തുന്നു.